അമ്മയോട് മോശമായി പെരുമാറി: സുഹൃത്തിന്റെ അറുത്ത തലയുമായി യുവാവ് പൊലീസ് സ്റ്റേഷനില്‍ 

കൊലപാതകത്തിന് ശേഷം 20 കിലോമീറ്ററോളം ബൈക്കില്‍ യാത്ര ചെയ്താണ് യുവാവ് അറുത്തെടുത്ത തലയുമായി പൊലീസ് സ്റ്റേഷനില്‍ ഹാജരായത്.

Update: 2018-10-01 07:40 GMT
Advertising

അമ്മയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച സുഹൃത്തിനെ മകന്‍ തലയറുത്ത് കൊലപ്പെടുത്തി, ആ തലയുമായി യുവാവ് പൊലീസ് സ്റ്റേഷനില്‍ ഹാജരായി. കര്‍ണാടകയിലെ മാണ്ഡ്യയിലാണ് സംഭവം. കൊലപാതകത്തിന് ശേഷം 20 കിലോമീറ്ററോളം ബൈക്കില്‍ യാത്ര ചെയ്താണ് യുവാവ് അറുത്തെടുത്ത തലയുമായി പൊലീസ് സ്റ്റേഷനില്‍ ഹാജരായത്.

24 കാരനായ പശുപതിയാണ് മലവള്ളി സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ ഓഫീസില്‍ അറുത്തെടുത്ത തലയുമായി കീഴടങ്ങാനെത്തിയത്. വീട്ടില്‍ രാത്രി ധരിക്കുന്ന വേഷത്തിലായിരുന്നു പശുപതി. സ്റ്റേഷനിലെത്തിയ പശുപതി, തന്റെ സുഹൃത്ത് അമ്മയോട് മോശമായി പെരുമാറിയെന്നും, അതിനാല്‍ താന്‍ അവന്റെ തലയറുത്തെന്നും പൊലീസിനോട് നേരിട്ട് പറയുകയായിരുന്നു. 35 വയസ്സാണ് ഗിരീഷിന്റെ പ്രായം.

പശുപതിയുടെ പേരില്‍ കൊലപാതകത്തിന് കേസെടുത്തതായി പൊലീസ് പറഞ്ഞു. കുട്ടിക്കാലം മുതലേ ഗിരീഷും പശുപതിയും സുഹൃത്തുക്കളായിരുന്നുവെന്നും, ചിക്കബാഗിലു ഗ്രാമത്തിലായിരുന്നു അവര്‍ അന്ന് താമസിച്ചിരുന്നതെന്നും പൊലീസ് പറയുന്നു. മൂന്നുവര്‍ഷം മുമ്പ് ഗിരീഷ് പശുപതിയുടെ അമ്മയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. അന്ന് ഇരുവരും തമ്മില്‍ അതിന്റെ പേരില്‍ വാക്കേറ്റവും നടന്നിരുന്നു. ഗിരീഷിനെ അതിന്റെ പേരില്‍ മുതിര്‍ന്നവര്‍ താക്കീത് ചെയ്തിരുന്നു. പശുപതി ഒരിക്കലും അന്ന് മുതിര്‍ന്നവര്‍ ഉണ്ടാക്കിയ ഒത്തുതീര്‍പ്പില്‍ തൃപ്തനായിരുന്നില്ല. ഗിരീഷിനെ എങ്ങനെയെങ്കിലും കൊലപ്പെടുത്താനുള്ള പദ്ധതി അന്നുമുതലേ തയ്യാറാക്കി വരികയായിരുന്നു പശുപതി.

ബംഗളുരുവിലെ ഒരു ഫാക്ടറി ജീവനക്കാരനാണ് പശുപതി. ഗിരീഷിനെ വീട്ടിലേക്ക് ക്ഷണിച്ചുവരുത്തിയാണ് പശുപതി കൊലപ്പെടുത്തിയത്. ശനിയാഴ്ച ഗണേഷ ചതുര്‍ത്ഥി ആഘോഷിക്കാനെന്ന് പറഞ്ഞായിരുന്നു ക്ഷണം. വീട്ടില്‍ നിന്ന് ഇരുവരും ചായകുടിച്ച ശേഷം, ആളൊഴിഞ്ഞ സ്ഥലത്തേക്ക് ഗിരീഷിനെ കൂട്ടിക്കൊണ്ടുപോകുകയും, അമ്മയെ ആക്രമിച്ച കാര്യം പറഞ്ഞ് വീണ്ടും വഴക്ക് ആരംഭിക്കുകയുമായിരുന്നു. തുടര്‍ന്ന് കൊലപ്പെടുത്തിയതെന്നും പൊലീസ് പറഞ്ഞു.

Tags:    

Similar News