കാശ്മീരില്‍ അലിഗഡ് സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ക്കെതിരെ രാജ്യദ്രോഹക്കേസ്

മനാന് വേണ്ടി സര്‍വകലാശാലയിലെ കെന്നഡി ഹാളിന് സമീപത്ത് വെച്ച് കശ്മീരില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ പ്രാര്‍ത്ഥന സംഘടിപ്പിക്കുകയായിരുന്നു. വിദ്യാര്‍ത്ഥികള്‍ ‘ആസാദി’ മുദ്രാവാക്യം വിളിച്ചതായും പറയുന്നു.

Update: 2018-10-13 08:26 GMT
Advertising

കാശ്മീരില്‍ അലിഗഡ് മുസ്‍ലിം സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ക്കെതിരെ രാജ്യദ്രോഹക്കേസ്. കാശ്മീരില്‍ സൈന്യവുമായുള്ള ഏറ്റമുട്ടലില്‍ കൊല്ലപ്പെട്ട ഹിസ്ബുല്‍ മിലിറ്റന്റ് മനാന്‍ ബഷീര്‍ വാനിക്ക് വേണ്ടി ക്യാമ്പസില്‍ നമസ്‌കരിക്കുകയും ആസാദി(സ്വാതന്ത്ര്യം) മുദ്രാവാക്യം മുഴക്കുകയും ചെയ്തതിനാണ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ രാജ്യദ്രോഹക്കേസ് ചുമത്തിയിരിക്കുന്നത്.

വസീം അയ്യൂബ് മാലിക്ക്, അബ്ദുല്‍ ഹസീബ് മിര്‍, പേര് വ്യക്തമല്ലാത്ത മറ്റൊരു വിദ്യാര്‍ത്ഥിയുമാണ് അറസ്റ്റിലായത്. 9 വിദ്യാര്‍ത്ഥികള്‍ക്ക് നോട്ടീസയച്ചതായും മറ്റുള്ളവരെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം തിരിച്ചറിയുമെന്നും സര്‍വകലാശാല അറിയിച്ചു.

മനാന് വേണ്ടി സര്‍വകലാശാലയിലെ കെന്നഡി ഹാളിന് സമീപത്ത് വെച്ച് കശ്മീരില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ പ്രാര്‍ത്ഥന സംഘടിപ്പിക്കുകയായിരുന്നു. ഇതിനിടെ വിദ്യാര്‍ത്ഥികള്‍ ‘ആസാദി’ മുദ്രാവാക്യം വിളിച്ചതായും പറയുന്നു.

കുപ്‌വാര സ്വദേശിയായ മനാന്‍ ബഷീര്‍ വാനി അലിഗഢിലെ തന്നെ പി.എച്ച്.ഡി വിദ്യാര്‍ത്ഥിയായിരുന്നു. വ്യാഴാഴ്ച ഹന്ദ്‌വാരയില്‍ നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയായിരുന്നു. ഈ വര്‍ഷം ജനുവരിയിലാണ് സര്‍വകലാശാലയിലെ പി.എച്ച്.ഡി പഠനം ഉപേക്ഷിച്ച് മനാന്‍ ബഷീര്‍ വാനി(27) ഹിസ്‍ബുല്‍ മുജാഹിദീന്‍ പ്രവര്‍ത്തകനായത്. പഠനത്തില്‍ മികവ് പുലര്‍ത്തിയിരുന്ന വാനിയുടെ സ്‌കൂള്‍ വിദ്യാഭ്യാസം നവോദയ സ്‌കൂളിലും സൈനിക് സ്‌കൂളിലുമായിരുന്നു. കുപ്വാര ജില്ലയിലെ ലോലാബ് മേഖലയിലെ ടെക്കിപോറ സ്വദേശിയാണ് ഇയാള്‍. വാനി കൊല്ലപ്പെട്ടതറിഞ്ഞ് നൂറുകണക്കിനു നാട്ടുകാര്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി.

Tags:    

Similar News