ആധാറുമായി ബന്ധിപ്പിച്ച ബയോമെട്രിക്ക് വിവരങ്ങള്‍ ഉപയോഗിച്ച് അഞ്ജാത മൃതദേഹങ്ങള്‍ തിരിച്ചറിയാനാകില്ല- യുണീക്ക് ഐഡെന്‍റിഫിക്കേഷന്‍ അതോരിറ്റി

1:1 എന്ന അനുപാതത്തിലാണ് ബയോമെട്രിക്ക് വിവരങ്ങള്‍ യോജിക്കുന്നതാണോ എന്ന് പരിശോധിക്കാനാകു. അതിന് ആധാര്‍ നമ്പറും ആവശ്യമാണ്.

Update: 2018-11-13 16:13 GMT
Advertising

ആധാറുമായി ബന്ധിപ്പിച്ച ബയോമെട്രിക്ക് വിവരങ്ങള്‍ ഉപയോഗിച്ച് അഞ്ജാത മൃതദേഹങ്ങള്‍ തിരിച്ചറിയാനാകില്ലെന്ന് യുണീക്ക് ഐഡെന്‍റിഫിക്കേഷന്‍ അതോരിറ്റി. ഡല്‍ഹി ഹൈക്കോടതിയെയാണ് യുണീക്ക് ഐഡെന്‍റിഫിക്കേഷന്‍ അതോരിറ്റി ഇക്കാര്യം അറിയിച്ചത്. സാമൂഹ്യ പ്രവര്‍ത്തകന്‍ അമിത് ഷാഹ്നിയുടെ ഹരജി പരിഗണിക്കവെയായിരുന്നു പ്രതികരണം.

രാജ്യത്തെ 120 കോടി ജനങ്ങളുടെ ബയോമെട്രിക്ക് വിവരങ്ങളാണ് ഡാറ്റാ ബേസിലുള്ളത്. ഈ വിവരങ്ങള്‍ അഞ്ജാത മൃതദേഹങ്ങള്‍ തിരിച്ചറിയുന്നതിന് ഉപയോഗിക്കാന്‍ കേന്ദ്ര സര്‍ക്കാരിനും ഉഡായിക്കും നിര്‍ദേശം നല്‍കണമെന്നായിരുന്നു അമിത് ഷാഹ്നിയുടെ ഹരജിയിലെ ആവശ്യം.

ഇത് സാങ്കേതികമായി സാധ്യമല്ലെന്നാണ് യുണീക്ക് ഐഡെന്‍റിഫിക്കേഷന്‍ അതോരിറ്റി കേസ് പരിഗണിക്കവെ ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചത്. 1:1 എന്ന അനുപാതത്തിലാണ് ബയോമെട്രിക്ക് വിവരങ്ങള്‍ യോജിക്കുന്നതാണോ എന്ന് പരിശോധിക്കാനാകു. അതിന് ആധാര്‍ നമ്പറും ആവശ്യമാണ്. 120 കോടി പേരുടെ വിവരങ്ങളില്‍ നിന്ന് ഇത്തരത്തില്‍ പരിശോധിക്കുക സാധ്യമല്ലെന്നാണ് ചീഫ് ജസ്റ്റിസ് രാജേന്ദ്ര മേനോന്‍ അധ്യക്ഷനായ ബഞ്ചിന് നല്‍കിയ മറുപടിയില്‍ യുണീക്ക് ഐഡെന്‍റിഫിക്കേഷന്‍ അതോരിറ്റി പറയുന്നത്.

മറുപടി രേഖാമൂലം വിശദമായി സമര്‍പ്പിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയില്‍ നിന്നും മറുപടി തേടിയിട്ടുണ്ട്. കാണാതായവരെ കണ്ടെത്താനും മരിച്ചവരെ തിരിച്ചറിയാനും ആധാര്‍ ബയോമെട്രിക്ക് വിവരങ്ങള്‍ ഉപയോഗിക്കാനാകുമെന്ന് ഷാഹ്നി ഹരജിയില്‍ പറയുന്നു. ഹൈക്കോടതി ഫെബ്രുവരി അഞ്ചിന് കേസ് വീണ്ടും പരിഗണിക്കും.

Tags:    

Similar News