'യുവാക്കളെ സ്വാധീനിക്കാന്‍ കഴിയുന്നില്ല, ബി.ജെ.പിയിലേക്ക് ചെറുപ്പക്കാരുടെ ഒഴുക്ക്'; സി.പി.എം ആഭ്യന്തര രേഖ പുറത്ത്
യുവാക്കളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ കഴിയുന്നില്ല എന്ന വിമര്‍ശനവുമുണ്ട്
പശ്ചിമ ബംഗാളിൽ ഇടതുപക്ഷത്തിന്റെ തിരിച്ച് വരവ് സാധ്യതയെ മങ്ങല്‍ലേല്‍പ്പിക്കുന്ന വിലയിരുത്തലിലാണ് കമ്മ്യുണിസ്റ്റ് പാര്‍ട്ടി. ബംഗാള്‍ പാര്‍ട്ടി ഘടക്കത്തില്‍ നിന്ന് പുറത്ത് വന്ന ആഭ്യന്തര രേഖ പ്രകാരം പാർട്ടി അംഗങ്ങളായ ചെറുപ്പക്കാരുടെ എണ്ണവും സ്വാധീനവും ക്രമാതീതമായി കുറയുന്നുവെന്നും അവര്‍ ബി.ജെ.പിയിലേക്കും തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് പോയിട്ടുണ്ടെന്നും പറയുന്നു. 18 നും 31 നും ഇടയിൽ പ്രായമുള്ളവരെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ കഴിയുന്നില്ല എന്ന വിമര്‍ശനവുമുണ്ട്.
പശ്ചിമ ബംഗാളിൽ 2.65 ലക്ഷം ആളുകൾ സി പി എമ്മിൽ അംഗങ്ങളായി ഉണ്ടായിരുന്നു. എന്നാൽ, പരിശീലന പരിപാടികളും മറ്റും പാർട്ടി സംഘടിപ്പിക്കാതെ വന്നതോടെ 2017ൽ നിരവധി അംഗങ്ങൾ പാർട്ടിയിൽ ഇല്ലാതായി എന്നും ആഭ്യന്തര രേഖയില്‍ പറയുന്നു. ഒരു വർഷത്തിനുള്ളിൽ പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടകാന്‍ പോകുന്ന സാഹചര്യത്തിലാണ് പാര്‍ട്ടിയുടെ ആഭ്യന്തര വിലയിരുത്തല്‍ എന്നത് പ്രസക്തമാണ്. മമത ബാനർജിയുടെ കാലാവധി 2021 മെയ് 27 ന് അവസാനിക്കും.
1977 മുതൽ 2011 വരെ തുടർച്ചയായ 34 വർഷങ്ങൾ പശ്ചിമ ബംഗാൾ ഭരിച്ച ഇടതുപക്ഷം ഇന്ന് അതേ സംസ്ഥാനത്ത് നില നിൽപിനായുള്ള പോരാട്ടത്തിലാണ്. തൃണമൂൽ കോൺഗ്രസ് അധികാരത്തിൽ ഇരിക്കുന്ന സംസ്ഥാനത്ത് ബിജെപിയാണ് ഇപ്പോൾ പ്രധാന പ്രതിപക്ഷം.
തൃണമൂൽ കോൺഗ്രസ് അടുത്തിടെ യുവാക്കൾക്കായി ബംഗ്ലാർ ജുബോ ശക്തി എന്ന പേരിൽ ഒരു പ്ലാറ്റ്ഫോം ആരംഭിച്ചിരുന്നു. അതിൽ ആറ് ലക്ഷം പേർ സന്നദ്ധപ്രവർത്തകരായി ചേർന്നിട്ടുണ്ട് എന്നാണ് തൃണമൂൽ അവകാശപ്പെടുന്നത്.
തിരഞ്ഞെടുപ്പ് തൃണമൂൽ ബിജെപി പോരാട്ടമായിരിക്കും. അതുകൊണ്ട് സംസ്ഥാനത്തെ രണ്ട് പ്രധാന ശക്തികൾക്കെതിരെ മൂന്നാം ബദലായി കോൺഗ്രസുമായി സി.പിഎം സഖ്യമുണ്ടാക്കാനും സാധ്യതയുണ്ടെന്നുമാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുക്കള്‍ .