കോവിഡ് വാക്‌സിൻ; വ്യാജ ആപ്പുകൾ വ്യാപകം
ആ ലിങ്കിൽ നിങ്ങളെ കാത്തിരിക്കുന്നത് കോവിഡ് എന്ന വൈറസിനെ കൊല്ലാനുള്ള വാക്‌സിനല്ല മറിച്ച് നിങ്ങളുടെ ഫോണിനെ നശിപ്പിക്കുന്ന മാൽവെയറായിരിക്കും.
മുകളിൽ കാണുന്ന ചിത്രത്തിലെ പോലെയുള്ള എസ്.എം.എസ് സന്ദേശം നിങ്ങൾക്ക് ലഭിച്ചുവോ? എന്നാൽ ശ്രദ്ധിക്കുക, അത് വ്യാജമാണ്. കോവിഡ് വാക്‌സിൻ 18 വയസിന് മുകളിലുള്ളവർക്ക് ലഭ്യമാക്കാൻ തുടങ്ങിയതു മുതൽ പ്രചരിക്കുന്ന വ്യാജ ലിങ്ക് ആണിത്. രാജ്യത്ത് കോവിഡ് വാക്‌സിന്‍റെ ക്ഷാമം രൂക്ഷമായി തുടരുന്നതിനാൽ ആരും പെട്ടെന്ന് വിശ്വസിക്കും വിധമാണ് എസ്.എം.എസ് ലഭിക്കുക. പെട്ടെന്ന് വാക്‌സിൻ ലഭിക്കാൻ എല്ലാവരും ലിങ്കിൽ ക്ലിക്ക് ചെയ്യുകയും ചെയ്യും. പക്ഷേ ആ ലിങ്കിൽ നിങ്ങളെ കാത്തിരിക്കുന്നത് കോവിഡ് എന്ന വൈറസിനെ കൊല്ലാനുള്ള വാക്‌സിനല്ല മറിച്ച് നിങ്ങളുടെ ഫോണിനെ നശിപ്പിക്കുന്ന മാൽവെയറായിരിക്കും.
ലിങ്കിൽ ക്ലിക്ക് ചെയ്താൽ ലഭിക്കുന്ന ആപ്പ് ഒരിക്കലും ഇൻസ്റ്റാൾ ചെയ്യരുത്. ആപ്പ് നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ ചോർത്തിയെടുക്കുമെന്നാണ് പറയുന്നത്.
പ്രധാനമായും ആൻഡ്രോയിഡ് ഉപയോക്താക്കളെ ഉദ്ദേശിച്ചാണ് മെസേജുകൾ പ്രവഹിക്കുന്നത്. ശ്രദ്ധിക്കുക നിലവിൽ ഇന്ത്യയിൽ കോവിഡ് വാക്‌സിൻ ലഭിക്കാൻ കോവിൻ (CoWIN) വെബ്‌സൈറ്റോ ആപ്പോ, ആരോഗ്യ സേതു ആപ്പിലോ മാത്രമേ കോവിഡ് വാക്‌സിന് വേണ്ടി രജിസ്റ്റർ ചെയ്യാൻ സാധിക്കൂ. അതിനാൽ ഇത്തരത്തിലുള്ള വ്യാജ ആപ്പുകളിൽ വഞ്ചിതരാകാതെ ഇത്തരം മെസേജുകൾ കിട്ടിയാൽ ഉടൻതന്നെ ഡിലീറ്റ് ചെയ്യണമെന്ന് വിദഗ്ധർ അറിയിച്ചു.