വിദേശസഹായം വേണം, മൻമോഹൻ കൊണ്ടു വന്ന സ്വയംപര്യാപ്ത നയം ഉപേക്ഷിക്കാൻ മോദി

വിദേശത്തു നിന്നുള്ള സഹായങ്ങൾ സ്വീകരിക്കേണ്ടതില്ലെന്ന് മൻമോഹൻ സിങ് സർക്കാറാണ് 16 വർഷം മുമ്പ് തീരുമാനമെടുത്തിരുന്നത്. 2004 ഡിസംബറിലെ സുനാമിക്ക് ശേഷമാണ് രാജ്യം സുപ്രധാന നയം സ്വീകരിച്ചത്.

Update: 2021-04-29 08:21 GMT
Editor : abs | By : Web Desk
Advertising

ന്യൂഡൽഹി: വിദേശത്തു നിന്നുള്ള സഹായങ്ങൾ സ്വീകരിക്കാൻ ഒന്നര ദശാബ്ദത്തിലേറെയായി തുടരുന്ന നയം മാറ്റാൻ ഒരുങ്ങി ഇന്ത്യ. ഓക്‌സിജൻ ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ വിദേശത്തു നിന്നുള്ള മരുന്നുകളും സംഭാവനകളും സ്വീകരിക്കാനാണ് നയത്തിൽ ഇന്ത്യ താത്ക്കാലികമായ മാറ്റം വരുത്തുന്നത്. ചൈനയടക്കം ഇരുപതിലേറെ രാജ്യങ്ങളിൽ നിന്നാണ് കോവിഡ് പ്രതിസന്ധിയിൽ ഇന്ത്യ സഹായം സ്വീകരിക്കാൻ ഒരുങ്ങുന്നത്.

വിദേശത്തു നിന്നുള്ള സഹായങ്ങൾ സ്വീകരിക്കേണ്ടതില്ലെന്ന് മൻമോഹൻ സിങ്ങിന്റെ നേതൃത്വത്തിൽ യുപിഎ സർക്കാറാണ് 16 വർഷം മുമ്പ് തീരുമാനമെടുത്തിരുന്നത്. 2004 ഡിസംബറിലെ സുനാമിക്ക് ശേഷമാണ് രാജ്യം സുപ്രധാന നയം സ്വീകരിച്ചത്. സുനാമിക്ക് ശേഷം വിദേശ സഹായം സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് മൻമോഹൻ നടത്തിയ പ്രസ്താവനയും ശ്രദ്ധിക്കപ്പെട്ടിരുന്നു.

'സ്വന്തം നിലക്ക് സാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻ ഇപ്പോൾ ഞങ്ങൾക്കാകും. ആവശ്യമെങ്കിൽ അവരുടെ സഹായം സ്വീകരിക്കാം' - എന്നായിരുന്നു വിദേശ സഹായവാഗ്ദാനത്തിൽ മുൻ പ്രധാനമന്ത്രിയുടെ പ്രസ്താവന. ഇന്ത്യയുടെ ദുരന്തസഹായ നയത്തിലെ സുപ്രധാന നിമിഷമായിരുന്നു അത്.

നയം കൊണ്ടു വന്ന ശേഷം 2013ലെ ഉത്തരാഖണ്ഡ് പ്രളയം, 2005ലെ കശ്മീർ ഭൂചലനം, 2014ലെ കശ്മീർ പ്രളയം എന്നിവയിൽ ഇന്ത്യ വിദേശസഹായം നിരസിച്ചിരുന്നു. അതിനു മുമ്പ്, ഉത്തർകാശി ഭൂചലനം (1991), ലാത്തൂർ ഭൂകമ്പം (1993), ഗുജറാത്ത് ഭൂകമ്പം (2001), ബംഗാൾ ചുഴലിക്കാറ്റ് (2002), ബിഹാർ പ്രളയം (ജൂലൈ 2004) എന്നീ ദുരന്തങ്ങളിൽ ഇന്ത്യ വിദേശ സഹായം സ്വീകരിച്ചിരുന്നു.

2018 ഓഗസ്റ്റിൽ കേരളത്തിലെ പ്രളയവുമായി ബന്ധപ്പെട്ട് യുഎഇയിൽ നിന്ന് വിദേശഹായം സ്വീകരിക്കുന്നതിൽ കേന്ദ്രവും കേരളവും കൊമ്പു കോർത്തിരുന്നു. അന്ന് യുഎഇയിൽ നിന്ന് 700 കോടി രൂപയുടെ സഹായവാഗ്ദാനമാണ് കേരളത്തിന് ലഭിച്ചിരുന്നത്. എന്നാൽ സംസ്ഥാനത്തിന് വിദേശസഹായം സ്വീകരിക്കാൻ ആകില്ലെന്ന നിലപാടാണ് വിഷയത്തിൽ കേന്ദ്രം സ്വീകരിച്ചത്.

കോവിഡ് പ്രതിസന്ധിയിൽ ഇതുവരെ 20 ലേറെ രാജ്യങ്ങളാണ് ഇന്ത്യയ്ക്ക് സഹായവാഗ്ദാനവുമായി രംഗത്തെത്തിയിട്ടുള്ളത്. അയൽരാജ്യമായ ഭൂട്ടാൻ ഓക്‌സിജൻ നൽകുമെങ്കിൽ യുഎസ് വാഗ്ദാനം ചെയ്തിട്ടുള്ളത് ആസ്ട്ര സെനിക്ക വാക്‌സിനാണ്. യു.കെ, ഫ്രാൻസ്, ജർമനി, റഷ്യ, അയർലാൻഡ്, ബെൽജിയം, റൊമാനി, ലക്‌സംബർഗ്, പോർച്ചുഗൽ, സ്വീഡൻ, ഓസ്‌ട്രേലിയ, സിംഗപൂർ, സൗദി അറേബ്യ, ഹോങ്കോങ്, തായ്‌ലാൻഡ്, ഫിൻലാൻഡ്, സ്വിറ്റ്‌സർലാൻഡ്, നോർവേ, ഇറ്റലി, യുഎഇ, ഖത്തർ, കുവൈത്ത്, ബഹ്‌റൈൻ രാഷ്ട്രങ്ങളെല്ലാം ഇന്ത്യയ്ക്ക് സഹായം വാഗ്ദാനം ചെയ്തിട്ടുള്ളത്. പല സഹായങ്ങളും ഇന്ത്യയിലെത്തുകയും ചെയ്തിട്ടുണ്ട്.

പ്രധാനമന്ത്രിയുടെ പിഎം കെയേഴ്‌സ് ഫണ്ടിലേക്കും വിദേശത്തു നിന്നുള്ള സഹായങ്ങൾ സ്വീകരിക്കാൻ സർക്കാർ ആലോചിക്കുന്നുണ്ട്. ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റിയിലേക്ക് സഹായങ്ങൾ നൽകാൻ സർക്കാർ ഔദ്യോഗികമായി വിദേശസർക്കാറുകളോട് അഭ്യർത്ഥിക്കുമെന്നും സൂചനയുണ്ട്. മന്ത്രിസഭയിലെ എംപവേഡ് ഗ്രൂപ്പാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്. നിലവിൽ റെഡ്‌ക്രോസ് പോലുള്ള സന്നദ്ധ സംഘടനകൾ വഴിയാണ് രാജ്യത്തേക്ക് വിദേശത്തു നിന്നുള്ള സംഭാവനകൾ വരുന്നത്. എന്നാൽ ഇവ വിതരണം ചെയ്യുന്നതിൽ സർക്കാറിന് നിയന്ത്രണങ്ങളില്ല.

ചൈനയിൽ നിന്ന് സഹായം സ്വീകരിക്കാനുള്ള തീരുമാനമാണ് ഇക്കാര്യത്തിൽ പ്രധാനപ്പെട്ടത്. ഇന്ത്യയ്ക്ക് 25000 ഓക്‌സിജൻ കോൺസന്റ്രേറ്ററുകൾ നൽകുമെന്ന് ഇന്ത്യയിലെ ചൈനീസ് അംബാസഡർ സൺ വീഡോങ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ചൈനയിൽ നിന്ന് സഹായം സ്വീകരിക്കുന്നതിൽ പ്രശ്‌നമില്ലെന്ന നിലപാടിലാണ് കേന്ദ്രം. പാകിസ്താൻ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും അതു സ്വീകരിക്കുന്ന കാര്യത്തിൽ ഇതുവരെ വ്യക്തത കൈവന്നിട്ടില്ല.

Tags:    

Editor - abs

contributor

By - Web Desk

contributor

Similar News