കർണാടകയിൽ 16 ജില്ലകളിൽ രണ്ടാംഘട്ട ഇളവുകൾ
ബംഗളൂരുവിൽ മെട്രോ ട്രെയിൻ സർവിസും ബി.എം.ടി.സി സർവിസും ആരംഭിക്കും
കർണാടകയിൽ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ചു ശതമാനത്തിൽ താഴെയുള്ള ബംഗളൂരു അർബൻ ഉൾപ്പെടെയുള്ള 16 ജില്ലകളിൽ ലോക്ഡൗണിലെ രണ്ടാംഘട്ട ഇളവുകൾ പ്രഖ്യാപിച്ചു. അൺലോക്കിന്റെ രണ്ടാം ഘട്ടത്തിൽ ബംഗളൂരുവിലും മറ്റ് 15 ജില്ലകളിലും എല്ലാ വ്യാപാര സ്ഥാപനങ്ങളും വൈകീട്ട് അഞ്ചുവരെ പ്രവർത്തിക്കാനാണ് അനുമതി.
എല്ലായിടത്തും 50 ശതമാനം യാത്രക്കാരുമായി സ്വകാര്യ ബസ് ഉൾപ്പെടെ സർവീസ് 21 മുതൽ തുടങ്ങും. എന്നാൽ, ഷോപ്പിങ് മാളുകൾ തുറക്കാൻ അനുമതിയില്ല. ബംഗളൂരുവിൽ മെട്രോ ട്രെയിൻ സർവിസും ബി.എം.ടി.സി സർവിസും ആരംഭിക്കും. മറ്റു 15 ജില്ലകളിൽ ബസ് സർവിസും മറ്റു പൊതുഗതാഗതത്തിനും അനുമതിയുണ്ട്.
ബംഗളൂരു അർബൻ, ഉത്തര കന്നട, ബെളഗാവി, മാണ്ഡ്യ, കൊപ്പാൽ, ചിക്കബെല്ലാപുർ, തുമകുരു, കോലാർ, ഗദഗ്, റായ്ച്ചൂർ, ബാഗൽകോട്ട്, കലബുറഗി, ഹാവേരി, രാമനഗര, യാദ്ഗിർ, ബീദർ എന്നീ 16 ജില്ലകളിലാണ് ജൂൺ 21 മുതൽ ജൂലൈ അഞ്ചുവരെ രണ്ടാഴ്ചത്തേക്ക് ലോക്ഡൗണിൽ രണ്ടാംഘട്ട ഇളവുകൾ പ്രഖ്യാപിച്ചത്. നേരത്തെ ആദ്യഘട്ടത്തിൽ 19 ജില്ലകളിലാണ് ഇളവ് പ്രഖ്യാപിച്ചതെങ്കിൽ രണ്ടാംഘട്ടത്തിൽ 16 ജില്ലകളിലായി ഇളവുകൾ പരിമിതപ്പെടുത്തി.