18-45 വയസുള്ളവരുടെ വാക്സിനേഷന്‍ മെയ് 1ന് തുടങ്ങാനാകില്ലെന്ന് വിവിധ സംസ്ഥാനങ്ങള്‍
യുവാക്കള്‍ക്കുള്ള വാക്സിനേഷന്‍ തുടങ്ങാന്‍ സെപ്തംബറെങ്കിലുമാകും എന്നാണ് ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി പറഞ്ഞത്
18 വയസ്സിന് മുകളില്‍ പ്രായമായവര്‍ക്ക് മെയ് 1 മുതല്‍ കോവിഡ് വാക്സിന്‍ എടുക്കാമെന്ന് കേന്ദ്രം പ്രഖ്യാപിച്ചെങ്കിലും പല സംസ്ഥാനങ്ങളിലും വാക്സിനേഷന്‍ അനിശ്ചിതത്വത്തില്‍. വാക്സിന്‍ ക്ഷാമം തന്നെയാണ് കാരണം.
മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൌഹാന്‍ പറഞ്ഞ് 18-45 വയസ്സിനിടയില്‍ പ്രായമുള്ളവര്‍ക്ക് മെയ് 1ന് വാക്സിനേഷന്‍ തുടങ്ങില്ല എന്നാണ്. 45 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് കോവിഡ് വാക്സിന്‍ നല്‍കുന്നത് തുടരുമെന്നും അദ്ദേഹം അറിയിച്ചു. കോവിഷീല്‍ഡ്, കോവാക്സിന്‍ നിര്‍മാതാക്കളുമായി സംസാരിച്ചെന്നും മെയ് ഒന്നിന് വാക്സിന്‍ നല്‍കാനാകില്ലെന്ന് അവര്‍ അറിയിച്ചെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി പറഞ്ഞു. ഡല്‍ഹി, പഞ്ചാബ്, മഹാരാഷ്ട്ര, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളും മെയ് 1ന് യുവാക്കള്‍ക്കുള്ള വാക്സിനേഷന്‍ തുടങ്ങാനാവില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. വാക്സിന്‍ ക്ഷാമം കാരണം മുംബൈയില്‍ നിലവിലെ വാക്സിനേഷന്‍ മൂന്ന് ദിവസത്തേക്ക് നിര്‍ത്തിവെച്ചിരിക്കുകയാണ്.
യുവാക്കള്‍ക്കുള്ള വാക്സിനേഷന്‍ തുടങ്ങാന്‍ സെപ്തംബറെങ്കിലുമാകും എന്നാണ് ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി വ്യക്തമാക്കിയത്. വിദേശ വാക്സിനുകള്‍ക്ക് അനുമതി ലഭിച്ചാല്‍ വാക്സിന്‍ ക്ഷാമം പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ഒന്നാം ഡോസ് വാക്സിന്‍ എടുത്തവര്‍ക്ക് രണ്ടാം ഡോസ് നല്‍കുന്നതിനാണ് മുന്‍ഗണനയെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കിയിട്ടുണ്ട്. ഒരു കോടി ഡോസ് വാക്സിന്‍ വാങ്ങാനാണ് സംസ്ഥാനം തീരുമാനിച്ചിരിക്കുന്നത്. വാക്സിന്‍ കിട്ടുന്ന മുറയ്ക്ക് 18-45 വയസ്സ് പ്രായമുള്ളവര്‍ക്ക് വാക്സിന്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ഏപ്രില്‍ 28നാണ് മൂന്നാം ഘട്ട വാക്സിനേഷനുള്ള രജിസ്ട്രേഷന്‍ തുടങ്ങിയത്. സംസ്ഥാനങ്ങള്‍ക്കും സ്വകാര്യ ആശുപത്രികള്‍ക്കും സ്വന്തം നിലയില്‍ വാക്സിന്‍ വാങ്ങാമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയത്. പല സംസ്ഥാനങ്ങളും ഇതിനകം ഓര്‍ഡര്‍ കൊടുത്തെങ്കിലും എപ്പോള്‍ വാക്സിന്‍ ലഭ്യമാകും എന്നത് സംബന്ധിച്ച് അനിശ്ചിതത്വം തുടരുകയാണ്. കേരളം, മഹാരാഷ്ട്ര, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങള്‍ 18-45 പ്രായക്കാര്‍ക്കും കോവിഡ് വാക്സിന്‍ സൌജന്യമായി നല്‍കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.