യാഗം നടത്തിയാല്‍ കോവിഡ് മൂന്നാം തരംഗം ഇന്ത്യയെ ബാധിക്കില്ലെന്ന് മധ്യപ്രദേശ് മന്ത്രി ഉഷ താക്കൂര്‍

ഇന്‍ഡോറിലെ കൊവിഡ് കെയര്‍ സെന്‍റര്‍ ഉദ്ഘാടന വേളയിലാണ് മന്ത്രിയുടെ വിവാദ പരാമര്‍ശം

Update: 2021-05-12 09:17 GMT
Editor : Jaisy Thomas | By : Web Desk
Advertising

രാജ്യം കോവിഡ് രണ്ടാം തരംഗത്തിന്‍റെ പിടിയിലാണ്. ആയിരങ്ങള്‍ പിടഞ്ഞു മരിച്ചുകൊണ്ടിരിക്കുന്നു. രണ്ടാം വരവിന്‍റെ ആഘാതത്തില്‍ നില്‍ക്കുമ്പോഴും മൂന്നാം തരംഗത്തിന്‍റെ മുന്നറിയിപ്പ് ലഭിച്ചു കഴിഞ്ഞിരിക്കുന്നു. അതിനെ എങ്ങനെ നേരിടുമെന്ന ആശങ്കയിലാണ് ഭരണകൂടം. എന്നാല്‍ യാഗം നടത്തിയാല്‍ കോവിഡ് മൂന്നാം തരംഗം ഇന്ത്യയെ ബാധിക്കില്ലെന്ന വന്‍ കണ്ടുപിടിത്തവുമായി എത്തിയിരിക്കുകയാണ് മധ്യപ്രദേശ് സാംസ്കാരിക വകുപ്പ് മന്ത്രി ഉഷ താക്കൂര്‍.

നാലു ദിവസത്തെ യാഗം നടത്തിയാല്‍ മൂന്നാം തരംഗം രാജ്യത്തെ ബാധിക്കില്ലെന്നാണ് ഉഷയുടെ കണ്ടെത്തല്‍. ഇന്‍ഡോറിലെ കൊവിഡ് കെയര്‍ സെന്‍റര്‍ ഉദ്ഘാടന വേളയിലാണ് മന്ത്രിയുടെ വിവാദ പരാമര്‍ശം.

പരിസ്ഥിതി ശുദ്ധീകരണത്തിനായി നാലു ദിവസത്തെ യാഗം നടത്തുക. ഇതാണ് യജ്ഞ ചികിത്സ. നമ്മുടെ പൂര്‍വ്വികര്‍ മഹാമാരികളില്‍ നിന്ന് രക്ഷ നേടാനായി യാഗ ചികിത്സ നടത്താറുണ്ടായിരുന്നു. ഇവ പരിസ്ഥിതിയെ ശുദ്ധീകരിക്കും. കൊവിഡിന്‍റെ മൂന്നാം തരംഗം ഇന്ത്യയെ സ്പര്‍ശിക്കുക പോലുമില്ല. കുട്ടികളെയാണ് മൂന്നാം തരംഗം ബാധിക്കുകയെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ഇതിനെ നേരിടാനായി മധ്യപ്രദേശ് സര്‍ക്കാര്‍ തയ്യാറെടുപ്പുകള്‍ നടത്തുന്നുണ്ട്. ഈ മഹാമാരിയെ തീര്‍ച്ചയായും നമ്മള്‍ അതിജീവിക്കും..ഉഷ താക്കൂര്‍ പറയുന്നു.

കഴിഞ്ഞ മാസം ഇന്‍ഡോര്‍ എയര്‍പോര്‍ട്ടില്‍ ഉഷ പരസ്യമായി പൂജ ചെയ്തിരുന്നു. മാസ്ക് വയ്ക്കാതെ കോവിഡ് കെയര്‍ സെന്‍റര്‍ സന്ദര്‍ശിച്ചതും വിവാദമായിരുന്നു.

Tags:    

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News