കോവിഡ് സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രിയുടെ ഉന്നതതല യോഗം
കോവിഡ‍് രണ്ടാം തരംഗം കൈകാര്യം ചെയ്യുന്നതിൽ സർക്കാർ ഗുരുതരമായ അനാസ്ഥ കാണിച്ചെന്ന് പ്രതിപക്ഷ നേതാക്കള്‍ വിമർശനം ഉന്നയിച്ചിരുന്നു
രാജ്യത്തെ കോവിഡ് സ്ഥിതിഗതികളും വാക്സിനേഷൻ വിതരണവും വിലയിരുത്താനുള്ള പ്രധാനമന്ത്രിയുടെ ഉന്നതതല യോഗം പുരോഗമിക്കുന്നു. കൊവിഡ് സാഹചര്യത്തിന് പുറമെ വിവിധ സംസ്ഥാനങ്ങളിലെ പ്രകൃതിക്ഷോഭങ്ങളെ കുറിച്ചും പ്രധാനമന്ത്രി വിലയിരുത്തും.
കോവിഡ‍് രണ്ടാം തരംഗം കൈകാര്യം ചെയ്യുന്നതിൽ സർക്കാർ ഗുരുതരമായ അനാസ്ഥ കാണിച്ചെന്ന് പ്രതിപക്ഷ നേതാക്കള്‍ വിമർശനം ഉന്നയിച്ചിരുന്നു. മഹാമാരിയുടെ ദുരിതം അനുഭവിച്ച ജനങ്ങളുടെ വേദന താൻ തുല്യമായി പങ്കിടുന്നതായി പ്രധാനമന്ത്രി പറഞ്ഞു. നൂറ് വർഷത്തെ ഏറ്റവും മോശം സാഹചര്യമാണ് ഇപ്പോഴുള്ളത്. അദൃശ്യനായ ശത്രു ലോകത്തെയാകെ പരീക്ഷിക്കുകയാണെന്നും മോദി പറഞ്ഞു.
കോവിഡ് ഏറ്റവും മോശമായി ബാധിച്ച ജില്ലകളിലെ ഉദ്യോഗസ്ഥരുമായി ചൊവ്വാഴ്ച്ച പ്രധാനമന്ത്രി കൂടിക്കാഴ്ച്ച നടത്തും. നേരത്തെ, രണ്ടാം കോവിഡ് തരംഗം അടിയന്തരമായി പരിഹരിക്കുന്നതിന് നടപടിയാവശ്യപ്പെട്ട് 12 പ്രധാന പ്രതിപക്ഷ പാർട്ടികള്‍ പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു. വാകസിന്‍ സൗജന്യമാക്കുക, നിലവിലെ സാഹചര്യത്തിൽ പുരോഗമിച്ചുകൊണ്ടിരിക്കുന്ന സെൻട്രൽ വിസ്ത പദ്ധതി നിർത്തിവെക്കുക, കർഷക നിയമം പിൻവലിക്കുക എന്നിവയാണ് കത്തിലെ പ്രധാന ആവശ്യങ്ങൾ.
രാജ്യത്തെ വാക്സിൻ വിതരണവുമായി ബന്ധപ്പെട്ട് സംസ്ഥാന ആരോഗ്യമന്ത്രിമാരുമായി കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ കൂടിക്കാഴ്ച്ച നടത്തും. റഷ്യയുടെ സ്പുട്നിക് വാക്സിൻ കൂടി എത്തിച്ചേരുന്നതോടെ രാജ്യത്തെ വാക്സിൻ ക്ഷാമത്തിൻ പരിഹാരമാകുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.
മൂന്നാഴ്ച്ചയായി രാജ്യത്തെ പ്രതിദിന കോവിഡ് കേസുകൾ മൂന്ന് ലക്ഷത്തിലേറെയാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. 24 മണിക്കൂറിനിടെ 3,26,098 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. 3,890 കോവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തായും ആരോഗ്യമന്ത്രാലയം അറിയിച്ചു.