"മോദിയുടെ സുഹൃത്തുക്കള്‍ രാജ്യത്തിന്‍റെ ദുരവസ്ഥ മുതലെടുക്കുന്നു": വാക്സിന്‍ വിലവര്‍ധനവില്‍ രാഹുല്‍ ഗാന്ധി
ഇത് ജനങ്ങളോടുള്ള സർക്കാറിന്‍റെ നീതികേടാണെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.
കോവിഡ് പ്രതിരോധ വാക്സിനായ കോവിഷീൽഡിന്‍റെ വില സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ പുതുക്കി നിശ്ചയിച്ചതില്‍ പ്രതികരണവുമായി രാഹുല്‍ ഗാന്ധി രംഗത്ത്. രാജ്യത്തിന്‍റെ ദുരവസ്ഥ മോദിയുടെ സുഹൃത്തുക്കൾ മുതലെടുക്കുകയാണെന്ന് അദ്ദേഹം വിമര്‍ശിച്ചു. ഇത് ജനങ്ങളോടുള്ള സർക്കാറിന്‍റെ നീതികേടാണെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.
സംസ്ഥാനങ്ങള്‍ ഒരു ഡോസ് കോവിഷീല്‍ഡ് വാക്സിന് 400 രൂപയാണ് ഇനി നല്‍കേണ്ടത്. സ്വകാര്യ സ്ഥാപനങ്ങള്‍ ഒരു ഡോസിന് 600 രൂപ നല്‍കണം. കേന്ദ്ര സര്‍ക്കാരിന് 150 രൂപ നിരക്കില്‍ നല്‍കുന്ന വാക്സിനാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സംസ്ഥാനങ്ങള്‍ക്കും സ്വകാര്യ സ്ഥാപനങ്ങള്‍ക്കും വില കൂട്ടി നല്‍കാന്‍ പോകുന്നത്.
കേന്ദ്ര സർക്കാറിന്‍റെ പുതിയ വാക്സിന്‍ നയം പ്രകാരം 50 ശതമാനം വാക്സിൻ ഡോസുകൾ കേന്ദ്രത്തിന് നൽകും. ബാക്കിയുള്ളവ സംസ്ഥാനങ്ങൾക്കും സ്വകാര്യ ആശുപത്രികൾക്കും വീതിച്ചുനൽകും. സ്വകാര്യ ആശുപത്രികൾക്ക് മേയ് ഒന്നുമുതൽ കേന്ദ്രസർക്കാർ വാക്സിൻ നൽകില്ലെന്ന് വ്യക്തമാക്കിയിരുന്നു.
മേയ് ഒന്നുമുതൽ 18 വയസിന് മുകളിലുള്ളവർക്ക് കോവിഡ് വാക്സിൻ വിതരണം ആരംഭിക്കുന്നതിന് മുന്നോടിയായാണ് വാക്സിന്‍റെ വില കൂട്ടിയത്.18 വയസിന് മുകളിലുള്ളവർക്ക് വാക്സിൻ വിതരണം ആരംഭിച്ചാൽ 12 ലക്ഷം വാക്സിൻ ഡോസുകൾ അധികമായി വേണ്ടിവരും. നിലവിൽ കേരളം ഉൾപ്പെടെ മിക്ക സംസ്ഥാനങ്ങളിലും വാക്സിൻ ക്ഷാമം രൂക്ഷമാണ്.