കോവിഡ് ചികിത്സ; ഐവര്‍മെക്ടിന്‍, ഡോക്സിസൈക്ലിന്‍ ഉപയോഗം വിലക്കി കേന്ദ്രം
പനിക്ക് ഉപയോഗിക്കുന്ന ആന്‍റിപൈറെറ്റിക് മരുന്നുകളും ചുമയ്ക്കുള്ള ആന്‍റിട്യൂസീവ് മരുന്നുകളും തുടരാം.
കോവിഡ് ചികിത്സയ്ക്ക് ഐവര്‍മെക്ടിന്‍, ഡോക്സിസൈക്ലിന്‍ എന്നിവ ഉപയോഗിക്കുന്നതു വിലക്കി കേന്ദ്രസര്‍ക്കാര്‍. ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ പുതിയ മാർഗനിര്‍ദേശങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. എന്നാല്‍, പനിക്ക് ഉപയോഗിക്കുന്ന ആന്‍റിപൈറെറ്റിക് മരുന്നുകളും ചുമയ്ക്കുള്ള ആന്‍റിട്യൂസീവ് മരുന്നുകളും കോവിഡ് ചികിത്സയ്ക്കായി ഉപയോഗിക്കാം.
ഐവര്‍മെക്ടിന്‍, ഡോക്സിസൈക്ലിന്‍ എന്നിവയ്ക്കുപുറമെ ഹൈഡ്രോക്സിക്ലോറോക്വിന്‍, സിങ്ക് ഉള്‍പ്പെടെയുള്ള മള്‍ട്ടിവൈറ്റമിനുകള്‍ ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്. നേരിയ ലക്ഷണങ്ങളുള്ളവര്‍ക്കാണ് ഇതുവരെ ഈ മരുന്നുകള്‍ നല്‍കിവന്നത്.
രാജ്യത്ത് കോവിഡ് വ്യാപനം കുറഞ്ഞ പശ്ചാത്തലത്തിലാണ് ആരോഗ്യവകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 1,00,636 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 2427 പേര്‍ കൂടി മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 3,49,186 ആയി. മഹാരാഷ്ട്ര, തമിഴ്‌നാട്, കര്‍ണാടക, കേരളം തുടങ്ങി നാലു സംസ്ഥാനങ്ങളിലാണ് കോവിഡ് കേസുകള്‍ പതിനായിരത്തിന് മുകളിലുള്ളത്.