'കോവിഡ് മൂലം അനാഥരായ കുട്ടികളെ നിയമവിരുദ്ധമായി ദത്തെടുക്കുന്നത് തടയണം'
വ്യക്തികളും സംഘടനകളും കുട്ടികളെ ഏറ്റെടുക്കാനെന്ന പേരിൽ വിവരശേഖരണം നടത്തുന്നതായുള്ള പരാതികൾ ലഭിച്ചതായി ബാലാവകാശ കമ്മീഷൻ കോടതിയെ അറിയിച്ചു.
കോവിഡ് മൂലം അനാഥരായ കുട്ടികളെ നിയമവിരുദ്ധമായി ദത്തെടുക്കുന്നത് തടയാൻ സുപ്രീംകോടതി. കുട്ടികളെ നിയമവിരുദ്ധമായി ദത്തെടുക്കുന്ന തടയുന്നതിനായി സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണപ്രദേശങ്ങൾക്കും കോടതി നിർദേശം നൽകി.
ദേശീയ ബാലാവകാശ കമ്മീഷന്റെ ഇടപെടലിനെ തുടർന്നാണ് സുപ്രീംകോടതി നിയമവിരുദ്ധ ദത്തെടുക്കലിനെതിരെ രംഗത്തെത്തിയത്. പല വ്യക്തികളും സംഘടനകളും കുട്ടികളെ ഏറ്റെടുക്കാനെന്ന പേരിൽ വിവരശേഖരണം നടത്തുന്നതായുള്ള പരാതികൾ ലഭിച്ചതായി കമ്മീഷൻ കോടതിയെ അറിയിക്കുകയായിരുന്നു.
ജുവനൈൽ ജസ്റ്റിസ് ആക്ട് 2015ന് വിരുദ്ധമായുള്ള ദത്തെടുക്കൽ എല്ലാം നിയമവിരുദ്ധമാണ്. ചട്ടങ്ങള്‍ പാലിക്കാതെ കുട്ടികളെ ഏറ്റെടുക്കാന്‍ ശ്രമിക്കുന്നത് നിയമവിരുദ്ധമായി പരിഗണിച്ച് നടപടിയെടുക്കണമെന്നും സുപ്രീംകോടതി പറഞ്ഞു.
2020 മാർച്ച് മാസത്തിന് ശേഷം മാതാപിതാക്കൾ രണ്ട് പേരോ, ഏതെങ്കിലും ഒരു രക്ഷിതാവ് മാത്രമോ നഷ്ടമായി അനാഥരായ കുട്ടികളുടെ വിവരശേഖരണം തുടരാൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ട കോടതി, കുട്ടികൾക്ക് നൽകുന്ന സാമ്പത്തിക പദ്ധതികൾ കാലതാമസം കൂടാതെ ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമന്നും നിർദേശിച്ചു. കോവിഡ‍് മൂലമോ, അല്ലാതെയോ അനാഥരായ കുട്ടികളുടെ വിവരങ്ങൾ ദേശീയ ബാലാവകാശ കമ്മീഷന് സമർപ്പിക്കാനാണ് കോടതി നിർദേശിച്ചത്.