ബംഗാളില്‍ വിജയിച്ച രണ്ട് ബിജെപി എംപിമാര്‍ എംഎല്‍എ സ്ഥാനം രാജിവെച്ചു

ലോക്സഭാ ഉപതെരഞ്ഞെടുപ്പ് നടന്നാല്‍ തിരിച്ചടിയുണ്ടാകുമോ എന്ന് ഭയന്നാണ് രാജി.

Update: 2021-05-13 05:45 GMT
Advertising

പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ 77 സീറ്റില്‍ വിജയിച്ച ബിജെപിയുടെ അംഗബലം 75 ആയി കുറഞ്ഞു. എംഎല്‍എമാരായി വിജയിച്ച രണ്ട് എംപിമാര്‍ രാജി വെച്ചതോടെയാണിത്. ബിജെപി നേതൃത്വത്തിന്‍റെ നിര്‍ദേശപ്രകാരമാണ് രാജി. ലോക്സഭാ ഉപതെരഞ്ഞെടുപ്പ് നടന്നാല്‍ തിരിച്ചടിയുണ്ടാകുമോ എന്ന് ഭയന്നാണ് രാജി. എംപിമാരുടെ എണ്ണം കുറയുന്നത് നല്ലതല്ലെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് എംഎല്‍എ സ്ഥാനം രാജി വെപ്പിച്ചത്.

ബംഗാളില്‍ ഇത്തവണ 200ലധികം സീറ്റ് നേടി അധികാരം പിടിക്കുമെന്നായിരുന്നു ബിജെപിയുടെ പ്രഖ്യാപനം. നിഷിത് പ്രമാണിക്, ജഗന്നാഥ് സര്‍ക്കാര്‍ എന്നീ എംപിമാരെ മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് മത്സരിപ്പിക്കുകയും ചെയ്തു. എന്നാല്‍ 77 സീറ്റില്‍ വിജയിക്കാനേ ബിജെപിക്ക് കഴിഞ്ഞുള്ളൂ. രണ്ട് എംഎല്‍എ സ്ഥാനം നഷ്ടപ്പെടുന്നതിലും പാര്‍ട്ടിക്ക് ക്ഷീണം ചെയ്യുക രണ്ട് എംപി സ്ഥാനം നഷ്ടപ്പെടുന്നതാണ് എന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് രാജി തീരുമാനം.

കൂച്ച് ബിഹാര്‍ എംപിയായ നിഷിത് പ്രമാണിക് ദിന്‍ഹതയില്‍ നിന്നും റാണാഘട്ട് എംപിയായ ജഗന്നാഥ് സര്‍ക്കാര്‍ ശാന്തിപുരില്‍ നിന്നും ആണ് ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനവിധി തേടിയത്. ജഗന്നാഥ് 15878 വോട്ടിനാണ് ജയിച്ചത്. എന്നാല്‍ നിഷിത് ആകട്ടെ വെറും 57 വോട്ടിന്‍റെ ഭൂരിപക്ഷത്തിനും.

'ബംഗാളില്‍ ഇത്തരമൊരു ഫലം അപ്രതീക്ഷിതമായിരുന്നു. ബിജെപിക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ടായിരുന്നു. അങ്ങനെ സംഭവിച്ചില്ല. അതിനാല്‍ ഞങ്ങള്‍ എംപിമാരായി തുടരണമെന്നും എംഎല്‍എ സ്ഥാനം രാജിവെയ്ക്കണമെന്നും പാര്‍ട്ടി തീരുമാനിച്ചു' ജഗന്നാഥ് സര്‍ക്കാര്‍ പറഞ്ഞു. എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ ഇരുവരും ചെയ്തിരുന്നില്ല.

തെരഞ്ഞെടുപ്പ് നടന്ന 292 മണ്ഡലങ്ങളില്‍ 213 ഇടത്ത് വിജയിച്ചാണ് തൃണമൂല്‍ കോണ്‍ഗ്രസ് ബംഗാളില്‍ അധികാരം നിലനിര്‍ത്തിയത്. അതേസമയം 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റില്‍ മാത്രം വിജയിച്ച ബിജെപി 77 സീറ്റുമായി ഇത്തവണ പ്രതിപക്ഷത്തെത്തി. എന്നാല്‍ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ വിജയവുമായി താരതമ്യം ചെയ്യുമ്പോള്‍ ബിജെപിക്ക് പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാനായില്ല.

Tags:    

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News