'തീക്കളി വേണ്ട..!' ആര്‍എസ്എസിന് മമതയുടെ താക്കീത്
സംസ്ഥാന സര്‍ക്കാരിന്റെ വിലക്കുകള്‍ ലംഘിച്ച് ദുര്‍ഗാപൂജയുമായി മുന്നോട്ട് പോകുമെന്ന സംഘ്പരിവാറിന്റെ പ്രഖ്യാപനത്തിനെതിരെയാണ് മമത രൂക്ഷ ഭാഷയില്‍ പ്രതികരിച്ചത്. പൂജയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ സമാധാനം തകര്‍ക്കാന്‍..
ആര്‍എസ്എസിന് താക്കീതുമായി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. സംസ്ഥാന സര്‍ക്കാരിന്റെ വിലക്കുകള്‍ ലംഘിച്ച് ദുര്‍ഗാപൂജയുമായി മുന്നോട്ട് പോകുമെന്ന സംഘ്പരിവാറിന്റെ പ്രഖ്യാപനത്തിനെതിരെയാണ് മമത രൂക്ഷ ഭാഷയില്‍ പ്രതികരിച്ചത്. പൂജയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ സമാധാനം തകര്‍ക്കാന്‍ ശ്രമിക്കരുതെന്നും മമത പറഞ്ഞു.
ദുര്‍ഗാപൂജയുടെ മറവില്‍ തീക്കളി വേണ്ടെന്നു പറഞ്ഞാണ് മമത സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. "മുഹറം ദിനമായ ഒക്ടോബര്‍ ഒന്നിനു മാത്രമാണ് നിയന്ത്രണം. രണ്ടാം തീയ്യതി ആഘോഷങ്ങള്‍ക്ക് യാതൊരു തടസ്സവുമില്ല.'' വിജയദശമി ആഘോഷങ്ങള്‍ നിര്‍ത്തലാക്കാന്‍ ശ്രമിക്കുകയാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ വ്യാജപ്രചരണത്തിന്റെ ഭാഗമാണെന്നും മമത പറഞ്ഞു. ആര്‍എസ്എസ്, വിഎച്ച്പി, ബജ്രംഗ്ദള് തുടങ്ങിയ സംഘടനകള്‍ക്കെതിരെയാണ് മമതയുടെ വിമര്‍ശം.
മുഹറം ദിവസത്തില്‍ ദുര്‍ഗാ വിഗ്രഹങ്ങള്‍ കടലില്‍ ഒഴുക്കാന്‍ സംഘപരിവാര്‍ തയ്യാറെടുക്കുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ് മുഹറം ദിനത്തില്‍ ആഘോഷങ്ങള്‍ക്ക് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. സെപ്റ്റംബര്‍ 30 നു വൈകീട്ട് മുതല്‍ ഒക്ടോബര്‍ ഒന്നു വൈകീട്ട് വരെയാണ് വിലക്ക്. എന്നാല്‍ ഇത് തള്ളിയ സംഘപരിവാര്‍ ആഘോഷങ്ങള്‍ നടത്തുമെന്ന് പറഞ്ഞിരുന്നു.
എവിടെയെങ്കിലും ആയുധങ്ങള്‍ പൂജിക്കുന്നതായി ശ്രദ്ധയില്‍ പെട്ടാല്‍ അത് തടയുന്നതിനായുള്ള നടപടികള്‍ സ്വീകരിക്കാന്‍ പൊലീസിനു നിര്‍ദ്ദേശം നല്‍കിയതായി മമത ബാനര്‍ജി പറഞ്ഞു.